Krishna Kripa

Welcome to Satish Menon's site on Music & Dharma, enjoy your stay!

header photo

Chinda

ചിന്ത

 

ചിതപോലെയാണെന്റെ  ചിന്തകൾ, അവയിലോ

നിന്റെയാപ്പു ഞ്ചിരി ആശ്വാസമായ്‌, കൃഷ്ണ!

ആത്മപ്രകാശമായ്‌  നീയെന്നിൽത്തെളിയുമ്പോൾ

ഉണരുന്നു  മോഹസഹസ്രങ്ങളുള്ളിൽ !

 

താളിൽ ഒളിപ്പിച്ച മയിൽ‌പീലി മോഹിക്കും

കണ്ണന്റെ  തിരുമുടിക്കെട്ടിലെത്താൻ    

കൃഷ്ണതുളസീദളങ്ങളോ മോഹിക്കും

നിന്റെ ഗളത്തിലെ ഹാരമാകാൻ.

നട്ടുവളർത്തിയ തുളസി ക്കതിരാരാഞ്ഞു:--

"എന്നു ഞാൻ  കണ്ണന്നരികിലെത്തും" ?

 

എന്നിലെ നിന്നെത്തിരഞ്ഞീടുവാനായിവൻ

നിത്യം തിരുമുമ്പിൽ എത്തിടുമ്പോൾ

നിന്മന്ദഹാസവും മഹിമയും കാണുമ്പോൾ

അറിയാതെ നീ എന്നിൽ നിറയുന്നപോലെ....

 

നിന്റെയാപ്പുഞ്ചിരി മാത്രം മതി, കണ്ണാ

ഇനിയുള്ള ജീവിതം സഫലമാകാൻ

അരികിൽ വരൂ കണ്ണാ, ആശ്രയമായെന്നും

നിന്നിൽ ലയിച്ചു ഞാൻ ഉയർന്നിടട്ടെ !

Satish Menon 04-09-19

 

PriyaSaghi

പ്രിയ സഖി

എന്നോട് പറയുമോ നീ, കണ്ണാ

നിന്നുടെ പ്രിയസഖി ഞാൻ, എങ്കിലും

എന്തിനായ് മറയ്ക്കുന്നു നീ, കണ്ണാ

എല്ലാം അറിയുന്നു ഞാൻ

 

മന്ദസ്മിതത്തിനാൽ മറയ്ക്കുന്ന നിൻ കണ്ണീർ

കാണുന്നൂ ഞാൻ എന്നും ഉയറ്ന്നീടവേ

ദുഃഖങ്ങളെയൊക്കെ പുഞ്ചിരിയാക്കിയ, നിൻ

സ്വത്വ മാഹാത്മ്യം പുകഴ്തിടുന്നേൻ

 

ഞാൻ സ്വയം ഗീതയായ് മാറുന്ന നേരത്തു

ഞാൻ അറിയുന്നു നിൻ നൊമ്പരങ്ങൾ  

ദുഖാഗ്നിതന്നിലും നീ  വരം നൽകുവോൻ

നിന്നെ ഞാൻ എന്നും സ്തുതിച്ചിടട്ടെ, കൃഷ്ണാ

 

വ്യഥതൻ നിഴലായ നിന്റെ മന്ദസ്മിതം

അറിയുന്നു നീയായ്‌ ഞാൻ ഉയർനീടവേ

ദുഃഖം സഹിക്കൽ തപസ്സാക്കി മാറ്റിയ

നിന്നെ ഞാൻ എന്നും നമസ്കരിക്കും, കൃഷ്ണാ

Satish Menon 03-14-19

 

 

 

20. Nyan

ഞാൻ

 

കല്പകാലങ്ങളായ് നിന്നിൽ വസിപ്പൂ, ഞാൻ

എന്നു ഞാൻ നീയെന്ന ഞാനായ്  മാറീ ?

ഞാൻ എന്നും  മാറാത്ത നീയെന്ന സത്യം

എന്നിൽ നിറയുമ്പോൾ  ചിത്തം തളിർക്കുന്നു.

 

നീ  നിന്നെക്കാണുവാൻ തിരയുമ്പോൾ എപ്പോഴും

തിരയുന്ന നീ തന്നെ തേടുന്നതോർക്കൂ നീ

എന്നിലെ നീയായിരുന്ന ഞാനെപ്പോഴും

നീ തന്നെ ഞാനെന്ന സത്യമെന്നോർക്കൂ !

 

 ഈയെനിയ്ക്കെന്നിലെ  നിന്നെയറിയുവാൻ

യുഗസഹസ്രങ്ങൾ ഞാൻ കാത്തുകഴിയണോ ?

എന്നിലെ എന്നെ ഞാൻ നോക്കുമ്പോളെങ്ങും നിൻ

 ദിവ്യമുഖമല്ലേ കാണുന്നു ഞാൻ, പ്രഭോ ?

നിൻ മുഖമല്ലയോ പ്രത്യക്ഷമാകുന്നു  ?

By Satish Menon 02-12-19

19. Thulabharam

തുലാഭാരം 

 

നേരുന്നു മാധവാ ഞാനെൻ തുലാഭാരം

മായാമനസ്സിന്റെ മോഹങ്ങൾ മായുവാൻ.

ആനന്ദം ആയി ഞാൻ  ഈ വലംതട്ടിലും 

മോഹങ്ങളൊക്കെയിടംതട്ടിലും, വിഭോ! 

നീ നശിപ്പിയ്ക്കുമോ, മോഹഭാരങ്ങളെ ?

 

ഇനിയും തുലാഭാരം നേരുമെങ്കിൽ ഹരേ 

ഒരു തട്ടിൽ  ദുഃഖങ്ങൾ  ഏറ്റിവെയ്ക്കും;

മറുതട്ടിൽ ഞാൻ സ്വയം മാധവനാകവേ 

മാനവമാധവപരിണാമമോർത്തിടും 

 

ശയനപ്രദിക്ഷണം വയ്ക്കുന്ന നേരത്തു 

മനസ്സിലെൻ ചിന്തയിതൊന്നുമാത്രം:--

മോഹങ്ങളെല്ലാം ത്യജിയ്ക്കുവതെങ്ങിനെ,

മേനിയിൽപ്പറ്റും മണൽത്തരിപോലവേ ?

Satish Menon 01-19-19

16. Kanner

കണ്ണുനീർ 


ദുഃഖങ്ങളെയൊക്കെ പുഞ്ചിരിയാക്കിയ 

നിന്നെ ഞാനെന്നും വണങ്ങിടട്ടേ,

മന്ദസ്മിതത്തിനാൽ കണ്ണീർ മറയ്ക്കും നിൻ 

സ്വത്വമാഹാത്മ്യം പുകഴ്ത്തിടുന്നേൻ -- കൃഷ്ണ !

സ്വത്വമാഹാത്മ്യം പുകഴ്ത്തിടുന്നേൻ!


ഞാൻ സ്വയം ഗീതയായ് മാറുന്ന നേരത്തു 

ഞാനറിയുന്നു നിൻ നൊമ്പരങ്ങൾ.

ദുഃഖാഗ്നിതന്നിലും നീ വരം നൽകുവോൻ 

നിന്നെ ഞാനെന്നും  സ്തുതിച്ചിടട്ടേ  -- കൃഷ്ണ !

നിന്നെ ഞാനെന്നും സ്തുതിച്ചിടട്ടേ!


മന്ദസ്മിതത്താൽ മറയ്ക്കുന്ന നിൻ കണ്ണീർ 

എന്നും ഞാൻ നേരേയനുകരിയ്ക്കും.

മാനസേ നീ വരച്ചീടുന്ന ചിത്രങ്ങൾ 

ഞാനെൻ ഹൃദയത്തിൽ സൂക്ഷിയ്ക്കട്ടേ, 

കൃഷ്ണമണിപോലെ കാത്തിടട്ടേ -- കൃഷ്ണ !

കൃഷ്ണമണിപോലെ കാത്തിടട്ടേ !


വ്യഥതൻ നിഴലായ നിന്റെ മന്ദസ്മിതം 

കാണുന്നു ഞാനിങ്ങുയർന്നീടവേ.

ദുഃഖം സഹിയ്ക്കൽ തപസ്സാക്കി മാറ്റിയ 

നിന്നെ ഞാനെന്നും നമസ്കരിയ്ക്കും -- കൃഷ്ണ !

നിന്നെ ഞാനെന്നും നമസ്കരിയ്ക്കും.


*"തത്വമസീ"-സത്യം എന്നിലുദിയ്ക്കുമ്പോൾ 

എൻ ദുഃഖം അസ്തമിച്ചീടുമല്ലോ

അഗ്നിയിൽ കർപ്പൂരമെന്ന പോലെ -- കൃഷ്ണ !

അഗ്നിയിൽ കർപ്പൂരമെന്നപോലെ ! (* ജീവാത്മാവും പരമാത്മാവും -- ഭക്തനും കൃഷ്ണനും-- ഒന്നുതന്നെ എന്ന സത്യം.  മഹാവാക്യമായ "തത്വമസി" = തത് +ത്വം +അസി =  നീ അത് തന്നെയാണ്)

BY Satish Menon 05 20 18

13. Shanthi

 

ശാന്തി

 

എല്ലാമറിയുന്ന ദേവാ

എന്റെ കന്മഷമെല്ലാം അകറ്റു

ശാന്തി ഞാൻ തേടി വരുന്നു

നിൻ തിരുചരണത്തിലെന്നും

 

പായപോൽ ആകാശംഞാൻ ചുരുട്ടും

എങ്കിലും ശാന്തി വിദൂരമല്ലോ

ദേവനെയറിയാതെ ശാന്തിയുണ്ടോ

നിത്യ ശാന്തിക്കായ് ഞാൻ കാത്തിരിക്കും, കൃഷ്ണ

നിന്നെഞാൻ എന്നും സ്മരിച്ചിരിക്കും

 

എല്ലാം ക്ഷമിക്കുന്ന ദേവാ

എന്റെ അജ്ഞാനമെല്ലാം ഹനിക്കു

നിൽക്കട്ടെ ഞാൻ തിരുമുമ്പിലെന്നും

കണ്ണിമയ്ക്കാതെയെൻ കണ്ണാ

നീ നയിച്ചാലുമീയെന്നെ

ശ്രേഷ്ഠ സനാതനധർമേ

Satish Menon 01-22-19

11. Manushya Janmam

മനുഷ്യജന്മം 


ഇനി വരാനുണ്ടു യുഗസഹസ്രം 

ജീവനചക്രത്തിലോരോന്നിലും;

മൃത്യുവും ജന്മസമാരംഭമാ,--

ണുണ്ടു ജന്മങ്ങൾ അനന്തകോടി.


സിദ്ധമാകുന്നിതാ മർത്ത്യജന്മം --

മുജ്ജന്മപുണ്യഫലസ്വരൂപം;

എത്രയോ ശ്രേഷ്ഠമീ മർത്ത്യജന്മം ?

ഈശ്വരസ്മരണയാം ഏകജന്മം?


ഈ ജന്മമാകെയും ദീർഘയാനം --

മൃത്യുവാകുന്നു സുഷുപ്തിമാത്രം;

നവജന്മമെല്ലാം പ്രയാണമാത്രം,

നിവൃത്തിയിലെത്തും തുടർപ്രയാണം.


തരുമോ നീ ശ്രേഷ്ഠമാം മർത്ത്യജന്മം

എന്റെ പുനർജ്ജന്മം ഓരോന്നിലും ?

നിന്നെ അറിയുന്ന മർത്ത്യജന്മം,

ഈശ്വരപരിണയപുണ്യജന്മം ?


Satish Menon 03-01-18

 

9. Sathyam

 •  
   
 • സത്യം 

  സത്യത്തെക്കാണാത്ത മിഴികൾ

  നിത്യത്തെക്കാണാത്ത മിഴികൾ --

  ലോകമൊക്കെയും മായയല്ലോ

  ബ്രഹ്മമല്ലയോ നിത്യസത്യം --


  എല്ലാമറിയുന്ന ദേവാ 

  അജ്ഞാനമെല്ലാം ഹനിയ്ക്കൂ !

  ശിവമാണു കേവലം സത്യം --

  ഉൾക്കണ്ണു കാണുന്ന സത്യം

  എൻ മനം കാണുന്ന സത്യം  --


  അറിവില്ലാപ്പൈതങ്ങൾ ഞങ്ങൾ,

  ഉള്ളിലെസ്സത്യം ഗ്രഹിയ് ക്കാൻ 

  നിൻ സ്തുതി പാടിവരുന്നൂ,

  വേദാന്തസാരമുൾക്കൊള്ളാൻ--

  അണയാത്ത ദീപമായ് നീ വരില്ലേ

  ഒരു തുണയ്ക്കായടുത്തെന്നും ?
   

 • നീണ്ട സുഷുപ്തിയിലീ ഞാൻ, പക്ഷേ 

  സാക്ഷിയെക്കാണുമെന്നെന്നും.

  ത്യാഗത്തിൽനിന്നു ജനിയ്ക്കും 

  ശാന്തി ഞാൻ നേടും, സുഖവും.

  പ്രതിദിനമൃത്യുവല്ലേ  സുഷുപ്തി ?
  പിന്നെയിന്നെന്തിനീ മൃത്യുഭയം? 

  Satish  Menon  11-25-18

7. Eakam

------------- ഏകം -------------- 


നാമസങ്കീർത്തന മാല വേണ്ടാ,- നാവിൽ 

ഈശ്വരാ, നീയാണ് ഞാനെന്ന തോന്നൽ മതി;

''
ഞാൻ നിന്നിലാണെന്ന ''  ബോധം മതി

എന്റെ ആലോചനകളോ നീ മാത്രമേ !


അഖിലം ചമച്ചൊരെൻ ദേവാ,

തവ പരിപാലനത്തിലീ നാനാ 

ചലനങ്ങൾ വാഴുമലിയും മോദാൽ,

അവയാകെ നിൻ നാമരൂപം !


പുല്ലായി പുഴുവായി കല്ലായ് മാറി

നിന്നിൽ ഞാൻ നിത്യം മരുവും ;

''
നീയെന്ന ഞാൻ '' നിന്നിൽ വാഴും

ജീവനാനന്ദമീ രൂപനാമം !

By, Satish Menon  on 08-31-2018

6. Indriyam

------------------ഇന്ദ്രിയം-------------------

 

കണ്ണാ നിന്നെ അറിവതിനായി

ഇന്ദ്രിയമെന്തിന് വേറെ - എനിക്ക്

ഇന്ദ്രിയമെന്തിനുവേറെ

കണ്ണാ നീയെൻ പാലകനായാൽ

ആശ്രയ മെന്തിനുവേറെ - ഭൂവിൽ

ആശ്രയമെന്തിനുവേറെ

 

അന്ധനെനിക്കെൻ അകതാരിൽ

വിശ്വസ്വരൂപം കാണാം  സതതം

വിശ്വസ്വരൂപം കാണാം

സത്യസ്യ സത്യമാം നിൻ പ്രഭാപൂരം

നിത്യമെനിക്കെൻ വഴിവിളക്കായി

 

എന്നും ഞാൻ എത്തുമീ ശ്രീകൃഷ്ണ കോവിലിൽ

കാണുന്നു നിൻരൂപം അകമിഴിയിൽ

കാർമുകിൽ വർണാ കരുണാസനനേ

എന്നന്ധത പോലും നിൻ ദാനമല്ലോ

 

 Satish Menon 08-10-18

4. Sugham

--------------------സുഖം--------------------------

 

ലോകം തേടും സുഖങ്ങളെല്ലാം

പരിമളം തേടും പുഷ്പതുല്യം

ഞാൻ എന്നും നേടും ശാന്തിയെല്ലാം

ഞാൻ സ്വയം നീയെന്ന ബോധം മാത്രം

 

തേടുന്നു ഞാൻ എൻ സുഖങ്ങളെന്നും

കസ്തുരി തേടുന്ന മാൻപേടപോലെ

ഭയക്കുന്നു  ഞാൻഎന്റെ ദുഃഖങ്ങളെസാദാ,

നിഴലിനെ പേടിക്കും അഗ്നിപോലെ

 

ഞാൻ കാണും ലോകത്തിൻ സുഖദുഃഖങ്ങൾ

എന്റേതല്ലെന്ന് അറിഞ്ഞീടവെ

ആനന്ദം ഞാൻ എന്നറിയവേ സത്വരം

മായുന്നു മനസ്സെന്ന മായാവിയും

                  Satish Menon 01-16-19

 

atma-orma

ആത്മസ്വരൂപൻ

ഗുരുവായൂരപ്പനെ ഓർത്തിരിക്കുമ്പോൾ

എന്നുണ്ണി ചാരത്തു  വരുന്നതായ്തോന്നും

കണ്ണൻ മനസ്സിൽ കളിക്കുന്ന പോലെ

എന്നും ഞാൻ  ഓർക്കുമപ്പാവനദർശനം

എന്നിൽ  വിരിയുന്നു ജീവനപുഷ്പമായ്.

കരളിൽ കിളിർക്കും കനവിൻ കിനാക്കളായ്‌

 

നന്മ നിറഞ്ഞ നിൻ നാമങ്ങൾ ചൊല്ലുമ്പോൾ

അരികിൽ നീ എത്തുന്നതായിത്തോന്നും

കണ്‍കളടച്ചു ഞാൻ നിന്നെ സ്മരിക്കുമ്പോൾ

ആത്മാവിൽ നിൻ ജ്യോതി തെളിയുന്നപോലെ

 

ആശ്രയം നീമാത്രം ആനന്ദവും കൃഷ്ണ

അറിയാതെ നീ എന്നിൽ നിറയുന്ന പോലെ

 

നിൻ മന്ദഹാസവും മായാത്ത മഹിമയും

എന്നുള്ളിൽ വിരിയുന്ന മാനസപൂക്കളായ്

കാതതിരിക്കുന്നിതാ നിന്നെയും ഓർത്തു ഞാൻ

കൃഷ്ണാ, മനോഹര നീ വരില്ലേ എന്നും

 അരവിന്ദലോചനാ, നീ വരില്ലേ ?                                                                            

 

ആത്മപ്രമോദമായ് നീ എന്നിലെന്നും

ആത്മസ്വരൂപാ നീ അവതരിച്ചിടൂ !

Satish  Revised Version